Wednesday, October 5, 2011

ഉരുക്ക് മനുഷ്യരുടെ ഉരുകിയ ഹൃദയം




കോളേജിലെ പരീക്ഷകളൊക്കെ കഴിഞ്ഞു, പതിവ് പോലെ ക്ലാസ് നടക്കുന്ന സമയം. പരീക്ഷ കഴിഞ്ഞ സ്ഥിതിക്ക് ഒരു ദിവസം മാറി നില്‍ക്കാമെന്നു വിചാരിച്ച് കോളേ ഗേറ്റിനു സമീപം നില്‍ക്കുമ്പോഴാണ് മൊബൈലില്‍ ഒരു എസ് എം എസ് വരുന്നത്. 'ഇന്ന് ഓഗസ്റ്റ് 22 എസ് എഫ് ഐയുടെ എസ് പി ഓഫീസ് മാര്‍ച്ച്, യൂണിറ്റില്‍ നിന്നും പരമാവധി സഖാക്കളെ പങ്കെടിപ്പിക്കുക!'.പ്രത്യേകിച്ച് മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനുഭവ ശേഖരണാര്‍ത്ഥം ഞാനും പങ്കെടുക്കാമെന്ന് തീരുമാനിച്ചു. അങ്ങനെ കോളേജ് ഗേറ്റിനു സമീപം നിന്നു ക്ലാസില്‍ കയറാതിരിക്കാന്‍ താല്‍പര്യമുള്ളവരേയെല്ലാം തടഞ്ഞു നി
ര്‍ത്തി വിവരം അറിയിച്ചു. കുറച്ച്‌ സമയത്തിനുള്ളില്‍ തന്നെ അവിടെ ഒരു കൂട്ടായ്മയുണ്ടായി. 10 മണിക്ക് മാര്‍ച്ച് ആരംഭിക്കും എന്ന് പറഞ്ഞു, പറഞ്ഞപോലെ തന്നെ അത് നടന്നില്ല. ഒരുപാട് കാത്തിരിക്കേണ്ടി വന്നു.
ഒടുവില്‍ ഞങ്ങളുടെ കോളേജിലെ നേതാവ് വന്നു, എന്തൊക്കെ ചെയ്യണമെന്നുള്ള കാര്യങ്ങളെ കുറിച്ച് ഒരു ധാരണ നല്‍കി.


കാത്തിരിപ്പിന് വിരാമമിട്ട് രണ്ടു ജീപ്പുകളിലായി അണികളെ കുത്തിനിറച്ച് ഞങ്ങള്‍ ടൌനിലോട്ടു യാത്രയായി. പാര്‍ട്ടി ഓഫീസ് എത്തി.പാര്‍ട്ടി ഓഫീസിന്‍റെ പശ്ചാത്തലം എന്നെ വല്ലാതെ ആകര്‍ഷിച്ചു. മുന്‍പില്‍ തന്നെ ഈ എം എസ് നമ്പൂതിരിപ്പാടിന്‍റെ ഐശ്വര്യം തുളുമ്പി നില്‍ക്കുന്ന ചിത്രം.

ഓഫീസിലേക്ക് കടക്കുമ്പോള്‍ വലതു ഭാഗത്തായി ഒരു അലമാര നിറച്ച് താത്ത്വികമായ പുസ്തകങ്ങള്‍. അതൊക്കെ കണ്ടപ്പോഴേക്കും പെട്ടെന്ന് എനിക്ക് 'സന്ദേശം' സിനിമ ഓര്‍മ്മ വന്നു. പെട്ടെന്ന് തന്നെ അടുത്തു നിന്ന ഒരു സുഹൃത്തിനെ വിളിച്ചു ഞാന്‍ വരുത്തേ കുറേ പുസ്തകങ്ങള്‍ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു 'ദോ ആ കാണുന്നതാണ് ബൂര്‍ഷ്വാസീ കം സലീം, അപ്പുറത്ത് ഇരിക്കുന്നത് ദാസ് ക്യാപ്പിറ്റല്‍, അങ്ങേ അറ്റത്ത്‌ ഇരിക്കുന്നതാണ് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ'.
ന്നെ പോലെ തന്നെ പാര്‍ട്ടിയെ കുറിച്ച് ഒരു അറിവുമില്ലാത്തവന്‍ എന്ന നിലയിലാ ഞാന്‍ അവനോട് അതൊക്കെ പറഞ്ഞത്, പക്ഷെ ഉടനെ തന്നെ അവന്‍ മറ്റു കുറേ പുസ്തകങ്ങള്‍ ചൂണ്ടി കാണിച്ച്‌ മറ്റു ചില പേരുകള്‍ പറഞ്ഞു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല. അറിയാം എന്ന രീതിയില്‍
തല കുലുക്കിയെച്ചു രംഗം വിട്ടു.

10 മണിക്ക് തുടങ്ങും എന്ന് പറഞ്ഞ മാര്‍ച്ച് 12 മണിയായിട്ടും തുടങ്ങിയില്ല. ഒടുവില്‍ 12 15 ആയപ്പോള്‍ ആരംഭം കുറിച്ചു. കൊടികളും മുദ്രാവാക്ക്യങ്ങളും ഒക്കെയായി മുന്നോട്ട്. ഒരു കോടി ആദ്യമേ വാങ്ങി ഞാന്‍ എന്‍റെ മുഖം മറച്ചു. വെയില്‍ മൂത്തതോട് കൂടി മുദ്രാവാക്ക്യങ്ങളും മൂത്തു. ട്രാഫിക് ജം
ഗ്ഷനിലെത്തിയപ്പോള്‍ എന്നെ പണ്ട് പെറ്റി അടിച്ചിട്ടുള്ള പുരുഷോത്തമന്‍ പിള്ള സര്‍ അവിടെ നിന്ന് ട്രാഫിക് നിയന്ത്രിക്കുന്നത് കണ്ടു. അപ്പോഴാണ്‌ വെള്ളിടി പോലെ മുദ്രാവാക്ക്യം മുഴങ്ങിയത്, 'കാക്കിക്കുള്ളില്‍ പോലീസെങ്കില്‍ അവരെ ഞങ്ങള്‍ മാനിക്കും, കാക്കിക്കുള്ളില്‍ ഗുണ്ടകളെങ്കില്‍ പോടാ പുല്ലേ പോലീസേ!!!'. അത് വരേ മുദ്രാവാക്ക്യം വിളിക്കാതിരുന്ന എനിക്ക് അതൊരു സുവര്‍ണ്ണ അവസരമായിരുന്നു, അത് മുതലെടുക്കുകയും ചെയ്തു. പുരുഷോത്തമന്‍ സാറിന്റെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ഞാനും വിളിച്ചു 'പോടാ പുല്ലേ പോലീസേ'.

ഒടുവില്‍ എസ് പി ഓഫീസ് അടുത്തു. അവിടെ കേട്ട മുദ്രാവാക്ക്യങ്ങള്‍ എന്നെ ചിന്താകുലനാക്കി
1 'ഉമ്മന്‍ ചാണ്ടീടെ പട്ടികളെ......!!!!'
ഉമ്മന്‍ ചാണ്ടീടെ പട്ടികള്‍ എന്ത് തെറ്റ് ചെയ്തു???
2 'സീ പി ഐ എം പൊട്ടി വളര്‍ത്തിയ, ഡി വൈ എട ഐ മുലപ്പാലൂട്ടിയ'
ഡി വൈ എഫ് ഐ എങ്ങനെ മുലപ്പാലൂട്ടും???

ഈ സംശയങ്ങള്‍ മനസ്സിലിട്ട് നടക്കുമ്പോഴേക്കും എസ് പി ഓഫീസ് എത്തി. എന്‍റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഇതുപോലൊരു രംഗം ന്യൂസ് ചാനലുകളില്‍ അല്ലാതെ ഞാന്‍ കണ്ടിട്ടില്ലായിരുന്നു, പത്തനംതിട്ടയില്‍ എങ്ങും ഒരിക്കലും കണ്ടിട്ടില്ലാത്ത അത്രെയും പോലീസുകാര്‍, അവരെല്ലാം തന്നെ ഒരു ലാത്തീ ചാര്‍ജിനു തയ്യാറായി നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അവിടെ എത്തുകയും അവര്‍ ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പാര്‍ട്ടീ നേതാക്കള്‍ എല്ലാ സഖാക്കളോടും റോഡിനു നടുക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാരും അത് ചെയ്തു. പക്ഷെ ഞാന്‍ മാത്രം ഒരല്‍പം വൈകിയാനെലും ചെയ്തു.... പിന്നീടങ്ങോട്ട് നേതാക്കള്‍ മാറി മാറിയുള്ള പ്രസംഗമായിരുന്നു. പത്രക്കാര്‍ എടുക്കുന്ന ഫോട്ടോയില്‍ പതിയാതിരിക്കാന്‍ കോടി എടുത്തു മുസ്ലീം സ്ത്രീകളിടുന്ന പോലെ തലയിലൂടെ ഇട്ടു. പ്രസംഗം തുടര്‍ന്നു, വെയിലും തുടര്‍ന്നു. പ്രസംഗത്തിനു ഇടയില്‍ ഒരു നിമിഷം ഞാന്‍ ആലോചിച്ചു പോയി 'ആ ക്ലാസില്‍ ഇരുന്നെങ്കില്‍ കുറച്ച്‌ സമയം ഉറങ്ങുകയെങ്കിലും ചെയ്യാമായിരുന്നു'. കാത്തിരിപ്പിന് ഒടുവില്‍ ആ സുവര്‍ണ്ണ നിമിഷം എത്തി, മാര്‍ച്ച് സമാപിച്ഛതായി പ്രഖ്യാപിച്ചു. നടുറോഡില്‍ നിന്നും എഴുന്നേറ്റ ഉരുക്ക് സഖാക്കള്‍ എല്ലാം ഉരുകി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു.
റോഡിന്റെ ഒരു വശത്ത്‌ ഞങ്ങള്‍ക്ക് തിരികെ കോളേജില്‍ പോകാനുള്ള ജീപ്പ് കിടക്കുന്നത് കണ്ടു ഞങ്ങള്‍ അങ്ങോട്ട്‌ പോയി. ജീപ്പിന്‍റെ കണ്ണാടിയില്‍ മുടി ചീകാന്‍ വേണ്ടി നോക്കിയപ്പോള്‍ ശെരിക്കും ഞാന്‍ ഞെട്ടി പോയി. എന്‍റെ മുഖം ഒരു കരിങ്കൊടി പോലെ കറുത്തിരുന്നു . എല്ലാ നഷ്ട്ടങ്ങന്ലും മനസ്സിന്‍റെ ഒരു കോണില്‍ ഒതുക്കി ഞങ്ങള്‍ തിരികെ യാത്രയായി. കോളേജിന്റെ പടിക്കല്‍ എത്തിയപ്പോള്‍ ഞങ്ങളുടെ നേതാവിനോട് ഒരു ചിരിയോട് കൂടി ചോദിച്ചു 'എന്തിനു വേണ്ടിയായിരുന്നു ഇന്നത്തെ മാര്‍ച്ച് ?????'. ആ സഖാവിന്റെ മുഖത്തെ ഭാവത്തില്‍ നിന്നും 'ഒരു ഉരുക്ക് മനുഷ്യന്‍റെ ഉരുകിയ ഹൃദയം എന്തെന്ന് എനിക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു......

Tuesday, July 5, 2011

സന്ദേശമായൊരു സംഭാഷണം

വിധു ശങ്കര്‍


ഒരു പെണ്‍കുട്ടിയുമായി സംവദിക്കാന്‍ വിഷയങ്ങള്‍ പലതുണ്ട്. ആ വിഷയങ്ങള്‍ വിശദീകരിക്കാന്‍ പല അവതരണ ശൈലികളുമുണ്ട്. പക്ഷെ ചില സാഹചര്യങ്ങളില്‍ വിഷയങ്ങള്‍ സന്ദേശങ്ങളായി മാറും. ഒരു മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതും പ്രസക്തിയുള്ളതുമായ ആശയങ്ങളാണ് സന്ദേശങ്ങള്‍. ചെറു പ്രായത്തിലായിരിക്കും അവ നമ്മളെ ഏറെ സ്വാധീനിക്കുക.

സമീപകാലത്ത് ഒരു പെണ്‍കുട്ടിയുമായി ദൈനംദിന ജീവിതത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അതൊരു സൗഹൃദ സംഭാഷണം മാത്രമായിരുന്നു.. പഠന കാര്യങ്ങളുമൊക്കെ സംസാരിച്ചു വന്ന കൂട്ടത്തില്‍ ആ കുട്ടി ഹോസ്റ്റലില്‍ നിന്നാണ് പഠിക്കുന്നത് എന്ന് സൂചിപ്പിച്ചു. അധികം ദൂരമില്ലാത്ത ഒരു സ്ഥലത്തായിരുന്നു അവള്‍ പഠിച്ചു വന്നത്, വേണമെങ്കില്‍ പോയി വരാവുന്നതേയുള്ളൂ പക്ഷെ കുറച്ച്‌ സമയം യാത്ര ചെയ്യേണ്ടി വരും. ആ നിമിഷം വരെ ആ സംഭാഷണം വളരെ മാന്യമായ ഒന്നായിരുന്നു പക്ഷെ അതിനു ശേഷം എന്‍റെ സ്വാതന്ത്ര്യം ഉപയോഗിച്ച് ഞാന്‍ പറഞ്ഞ ഒരു കാര്യം അവള്‍ക്ക് ഇഷ്ട്ടമായില്ല. അവള്‍ പെട്ടെന്ന് പ്രകോപിതയായി.

അത്ര വലിയ കാര്യം ഒന്നുമായിരുന്നില്ല, ഞാന്‍ അവളോട്‌ ഇങ്ങനെ പറഞ്ഞു 'നീ ഒരു ആണ്‍കുട്ടി ആയിരുന്നെങ്കില്‍ ഹോസ്റ്റെലില്‍ നിന്നു പഠിക്കേണ്ട കാര്യമില്ലായിരുന്നു, എന്നും പോയി വരാമായിരുന്നു'. തീരെ ലോജിക് ഇല്ലാത്ത ഒരു കാര്യമായിരുന്നു പറഞ്ഞത് എന്ന ബോധ്യം എനിക്കുണ്ടായിരുന്നു. മറുപടി പ്രതീക്ഷിച്ചതിലും തീവ്രതയുള്ളതായിരുന്നു. അവള്‍ ഇങ്ങനെ പറഞ്ഞു 'നിന്നെ പുരുഷനായി തരം തിരിക്കാന്‍ ഉപയോഗിക്കുന്ന ആ അവയവം വെച്ചാണ് നീ യാത്ര ചെയ്യുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല !!!!'. ആ സംഭാഷണം അവിടെ അവസാനിച്ചു.

പെട്ടെന്ന് കേട്ടപ്പോ അല്പം ചിരി വന്നെങ്കിലും ഞാന്‍ അതിനെ കാര്യമായി തന്നെ കണ്ടു. അവള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല. സ്ത്രീകള്‍ക്ക് പൂര്‍ണമായ സുരക്ഷ അവകാശപ്പെടാന്‍ കഴിയാത്ത ഈ രാജ്യത്ത് അങ്ങനെ ഒരു വാദത്തിനു തീരെ പ്രസക്തിയില്ല. അതേ ദിവസമാണ് സൗമ്യ എന്ന യുവതി യാത്രയ്ക്കിടയില്‍ ട്രെയിനില്‍ വെച്ചു ആക്രമിക്കപ്പെടുന്നത്. അടുത്ത ദിവസം തന്നെ മരണം സ്ഥിതീകരിക്കുകയും ചെയ്തു. മരണം സ്ഥിതീകരിച്ചപ്പോള്‍ അവള്‍ വീണ്ടും എന്നോട് ഒരു സംഭാഷണത്തിലൂടെ പറഞ്ഞു 'എനിക്ക് നാളെ തിരച് പോകണം. എന്തോ ഒരു ഭയം തോന്നുന്നു'......സൗമ്യ എന്ന ഒരു രക്തസാക്ഷി കാരണം ഒരു പെണ്‍കുട്ടിക്ക് വീണ്ടുവിചാരം ഉണ്ടായിരുക്കുന്നു, എല്ലാവര്‍ക്കും അത് ഉണ്ടാകട്ടെ.......ഈ സംഭാഷണത്തില്‍ നിന്നും പിറന്ന സന്ദേശം മറ്റൊന്നുമല്ല 'ഒരു മനുഷ്യനെ പുരുഷനായി തരം തിരിക്കാന്‍ ഉപയോഗിക്കുന്ന അവയവം കൊണ്ട് യാത്ര ചെയ്യുന്ന ഒരുപാട് പേര്‍ ഈ സമൂഹത്തിലുണ്ട്. നമ്മുടെ സഹോദരിമാരുടെ മേല്‍ അവരുടെ കണ്ണുകള്‍ പതിയുന്നുമുണ്ട്. അവരെ സ്ത്രീജനങ്ങള്‍ സൂക്ഷിക്കുക. നിയമത്തിന്റെ സഹായം വേണ്ടി വരുമോബോള്‍ തേടുക'

Wednesday, January 12, 2011

മദ്രാസിലെ മദിരാശി...!!!




വിധു ശങ്കര്‍

ചെന്നൈ നഗരത്തില്‍ ചെന്നെത്താന്‍ എല്ലാവര്‍ക്കും ഓരോ കാരണങ്ങളുണ്ട്. ജോലി തേടിയും, ഉപരി പഠനത്തിനു വേണ്ടിയും, സിനിമയില്‍ ചേരാനുമെല്ലാം ഒടുവില്‍ ചെന്നെത്തപ്പെടുന്ന നഗരമാണ് മദ്രാസ്‌ എന്ന ഇപ്പോഴത്തെ ചെന്നൈ. എന്തിനു പറയണം, ദുബായ് കടപ്പുറമാണെന്നു കരുതി ദാസനും വിജയനും വരെ ചെന്നെത്തിയത് മദ്രാസിലെ ഒരു കടപ്പുറത്തായിരുന്നു. സാധാരണക്കാരെ പോലെ തന്നെ എന്‍റെ കുറച്ചു സുഹൃത്തുക്കളും ഒരു കലാലയത്തില്‍ പ്രവേശനം നേടാന്‍ അവിടെയെത്തി. ബി എസ് സി നോട്ടിക്കല്‍ സയന്‍സ് എന്ന ബിരുദം നാട്ടില്‍ എങ്ങും ഇല്ലാത്തതായിരുന്നു അവിടെ തന്നെ പോകാനുള്ള കാരണം. ശരത്, ജോബി, ദീപു, ശരണ്‍ എന്നിവരായിരുന്നു ഒരു രാത്രി ആ മഹാനഗരത്തിലേക്ക്‌ പുറപ്പെട്ടത്‌. കൂട്ടിനു പോകാന്‍ എന്നെയും വിളിച്ചിരുന്നു പക്ഷെ പല കാരണങ്ങള്‍ കൊണ്ടും സാധിച്ചില്ല.
ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവര്‍ വണ്ടി കയറി, 12 മണിക്കൂറുകള്‍ കൊണ്ടു ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ എത്തി.
വണ്ടി അവിടെ നിര്‍ത്തിയതും എലാവരും കൂടി ഷെയര്‍ മാര്‍ക്കറ്റ്‌ നടത്താന്‍ തുടങ്ങി, അതായത് കുപ്പി വാങ്ങാന്‍ ഷെയറിട്ടു തുടങ്ങി. അവിടെയൊക്കെ ഷെയര്‍ മാര്‍ക്കറ്റിന് നല്ല സ്വീകാര്യതയാണത്രെ [കുപ്പിക്ക്‌ വില കുറവാ]. ഇവര്‍ക്കൊപ്പം കലാലയത്തിലേക്കുള്ള പ്രവേശനം ശെരിയാക്കി കൊടുക്കേണ്ട ഏജെന്റുമുണ്ടായിരുന്നു. വൈകിട്ട് 6 മണിയായപ്പോള്‍ കുപ്പിയും ഭക്ഷണവുമായി സെന്‍ട്രലില്‍ നിന്നും അല്‍പ്പം മാറിയുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്തു അവര്‍ നിലയുറപ്പിച്ചു.
എടുത്ത മുറിയെ വര്‍ണിക്കാന്‍ വാക്കുകള്‍ കിട്ടാതെ ശരത് എന്നെ വിളിച്ചു. ആ മുറിയില്‍ എ സി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ലായിരുന്നു, കാരണം ആ മുറിയില്‍ എ സി ഇല്ലായിരുന്നു, മൂട്ടകള്‍ക്ക്‌ ഒട്ടും കുറവില്ലാതിരുന്ന 2 കട്ടിലുകള്‍, പിന്നെ കണ്ണ് കിട്ടാതിരിക്കാന്‍ ചുവരില്‍ കരുണാനിധിയുടെ ഒരു കൂളിംഗ്‌ ഗ്ലാസ് വെച്ച പടവും. എല്ലാരും ഭക്ഷണം കഴിച്ചു പരിപാടികള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി തുടങ്ങി. ശരത് വരാന്തയിലേക്കിറങ്ങി ആ സ്ഥലത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും കണ്ണുകള്‍ പായിച്ചു. 5 മിനിട്ടുകള്‍ കഴിഞ്ഞു, അവന്‍ തിരികെ മുറിയില്‍ വന്നപ്പോള്‍ 3 പേരും ഉറക്കങ്ങി കഴിഞ്ഞിരുന്നു, അതും വാഴ വെട്ടിയിട്ട പോലെ അങ്ങോട്ടും ഇങ്ങോട്ടും. വെറുതെ ആ കുപ്പിയിലേക്ക്‌ നോക്കിയപ്പോള്‍ ഒരു തുള്ളി പോലും ബാക്കി ഉണ്ടായിരുന്നില്ല. ഉറക്കത്തിന്‍റെ രഹസ്യം അവന്‍ മനസ്സിലാക്കി. ഒരുപാട് രാത്രികള്‍ ചര്‍ച്ചകളും കവിതകളും സംഗീതവും സാഹിത്യവുമോക്കെയായി ഞങ്ങള്‍ ഉറങ്ങാതെ ചിലവഴിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ഒരു രാത്രി ഉറങ്ങാതെ ചിലവഴിക്കാന്‍ അവന്‍ ബുദ്ധിമുട്ടില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അവന്‍ വീണ്ടും വരാന്തയിലേക്ക്‌ ഇറങ്ങി. സമയം 10 മണി കഴിഞ്ഞു, നഗരം ഉറങ്ങി തുടങ്ങി.

അവന്‍ മുറി അടച്ചതിനു ശേഷം പുറത്തേക്ക് ഇറങ്ങി വെറുതെ മുന്‍പോട്ടു നടന്നു. ഒറ്റപ്പെട്ട ഒരു നടപ്പായിരുന്നതിനാല്‍ അവന്‌ പൂര്‍ണമായും അത് ആസ്വദിക്കാന്‍ കഴിഞ്ഞില്ല. ഒരു കിലോമീറ്റര്‍ നടന്ന ശേഷം ഒരു മതില് കണ്ടു. റോഡിലെങ്ങും ആരുമില്ലെന്ന് കണ്ടു മതിലില്‍ കയറി ഇരുന്നു. നല്ല കാറ്റായിരുന്നു. സമയം 11 ആയപ്പോള്‍ ഒരു വൃദ്ധയായ സ്ത്രീ വന്നു തമിഴില്‍ തെറി പറയാന്‍ തുടങ്ങി. പ്രായം മാനിച്ചു തിരച്ചു ഒന്നും മിണ്ടാതെ അവന്‍ നിശ്ചലനായി നിന്നു. ശരത് ഒരു ദീര്‍ഘശ്വാസം വിട്ടിരുന്നെങ്കില്‍ അവരുടെ ശ്വാസം അവിടെ നിലച്ചു പോകുമായിരുന്നു, പക്ഷെ അവന്‍ ശ്വാസമടക്കി പിടിച്ചു അവര്‍ പറയുന്ന വാക്കുകള്‍ കേട്ട് പഠിക്കാന്‍ ശ്രമിച്ചു. പ്രസങ്ങമൊക്കെ മതിയാക്കി ആ സ്ത്രീ ആ മതിലില്‍ കയറി കിടന്നുറങ്ങാന്‍ തുടങ്ങി. തിരച്ചു മുറിയിലേക്ക് നടക്കാമെന്ന് വിചാരിച്ചു ഒരടി മുന്‍പോട്ടു വെച്ചപ്പോള്‍ ഒരു ഓട്ടോറിക്ഷയുടെ ശബ്ദം കേള്‍ക്കാന്‍ ഇടയായി. ഓട്ടോ അവനില്‍ നിന്നും ഒരു 12 അടി മാറി നിന്നു, അതില്‍ നിന്നും 40 വയസ്സ് പ്രായം വരുന്ന, പൊക്കം കുറഞ്ഞ ഒരു
തമിഴന്‍ ഇറങ്ങി വന്നു, തൊട്ടു പുറകെ തന്നെ 23 വയസ്സ് പ്രായം വരുന്ന, കറുത്ത ചുരിദാര്‍ ധരിച്ച, തലയില്‍ മുല്ലപ്പൂ ചൂടിയ ഒരു തമിഴ് യുവതിയും പുറത്തിറങ്ങി.. ഓട്ടോ തിരിച്ചു പോയി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അവിടെ ഒരു മാരുതി വാന്‍ വന്നു നിന്നു. ആ വണ്ടിയില്‍ നിന്നും പൊക്കം കൂടിയ ഒരു തമിഴന്‍ ഇറങ്ങി ഇവരോട് കാര്യം പറയാന്‍ തുടങ്ങി. എല്ലാം കഴിഞ്ഞു പൊക്കം കുറഞ്ഞ തമിഴന്‍ 'പറ്റിക്കരുത്' എന്ന മുദ്ര കാണിച്ച്‌ എന്തോ ഒരു ബുക്കില്‍ കുറിക്കുന്നത് കണ്ടു. അപ്പോള്‍ ശരത് മനസ്സില്‍ പറഞ്ഞു 'പറ്റു ബുക്കായിരിക്കും?'; പിന്നെ അവിടെ നിന്ന യുവതിയെയും വാനില്‍ കയറ്റി തിരക്കിട്ട് അവര്‍ എതിര്‍ദിശയിലേക്ക് പാഞ്ഞു.

അധികം താമസിപ്പിക്കാതെ അയാള്‍ ശരത്തിന്റെ അരയിലേക്കു വന്നു, കാരണം അവന്‍റെ അരയ്ക്കൊപ്പം ഉയരമേ അയള്‍ക്കുള്ളായിരുന്നു. അടുത്തെത്തിയ ശേഷം അവര്‍ തമ്മില്‍ തമിഴില്‍ ഒരു സംഭാഷണം അരങ്ങേറി [താഴെ മലയാളത്തില്‍ കൊടുത്തിരിക്കുന്നു]
തമിഴന്‍ : വാ ഒരു ചായ കുടിക്കാം
ശരത് : വേണ്ട.
തമിഴന്‍ : കുഴപ്പമില്ല വരൂ, എന്തായാലും ഒരു ചായ കുടിച്ചു കളയാം.
ശരത് : എഡോ, തന്നോടല്ലേ പറഞ്ഞത് എനിക്ക് ചായ വേണ്ട എന്ന്??
തമിഴന്‍ : കല്യാണം കഴിച്ചതാണോ?
ശരത് : അല്ല.എന്താ???
തമിഴന്‍ : താല്‍പര്യമുണ്ടോ?
ശരത് : പണ്ട് ഉണ്ടായിരുന്നു ഇപ്പോള്‍ ഇല്ല.ഒരു സംശയം ചോദിച്ചോട്ടെ??
തമിഴന്‍ : ചോദിക്കൂ....
ശരത് : ഇവിടെയൊക്കെ വ്യഭിചരിക്കുന്നതിനെ ചായ കുടി എന്നാണോ പറയുന്നത്???

ഇത്രെയും പറഞ്ഞു ലോഡ്ജിലേക്ക് അവന്‍ നടന്നകന്നു. പക്ഷെ ഏതോ ഒരു കമ്പനിയുടെ പ്രോഡക്റ്റ് പരിചയപ്പെടുത്താന്‍ വന്ന എക്സിക്യൂട്ടിവിനെ പോലെ അയാള്‍ പിന്നാലെ നടന്നു. ലോഡ്ജെത്തിയപ്പോള്‍ അവന്‍ ഓടി മുറിയില്‍ ചെന്നു അവന്‍മാരെ വിളിച്ചുണര്‍ത്തി. ഉറക്കം പോയ ദേഷ്യത്തില്‍ അവര്‍ പുറത്തേക്കു വന്നു. ഒരു മടിയും കൂടാതെ മലയാളികളുടെ ശക്തിയെന്തെന്ന് ആ തമിഴനെ തമിഴ് നാട്ടില്‍ വെച്ചു കാണിച്ച്‌ കോടുത്തു, അല്ല പരിചയപ്പെടുത്തി കോടുത്തു. അടി കൊള്ളുന്ന രീതി കണ്ടപ്പോള്‍ ആദ്യമായിട്ടല്ലെന്ന കാര്യം വ്യക്തമായി. തമിഴ് നാട്ടില്‍ വരുന്ന മലയാളികളെ ചായ കുടിക്കാന്‍ ക്ഷണിക്കരുത് എന്ന പാഠം ആ തമിഴന്‍ ഒരു തേങ്ങലോടെ മനസ്സിലാക്കി. കളരിപ്പയറ്റിനു ശേഷം അവര്‍ 3 പേരും മുറിയില്‍ പോയി സുഖമില്ലാതെ കിടന്നുറങ്ങി. അടുത്ത ദിവസം നേരത്തെ തന്നെ ശരത് ഉണര്‍ന്നു. പല്ല് തേക്കാന്‍ വരാന്തയില്‍ ചെന്നു നിന്നപ്പോള്‍ അകലെ ഒരു പൈപ്പിന്‍ ചുവട്ടിലിരുന്നു തുണി അലക്കുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു. രണ്ടു നിമിഷം ചിന്തിച്ചപ്പോള്‍ അവന്‌ വിശ്വസിക്കാനായില്ല, ആ പെണ്‍കുട്ടി തന്നെയായിരുന്നു കഴിഞ്ഞ രാത്രി കണ്ട തമിഴ് യുവതി. ഒരുപാട് ബുദ്ധിമുട്ടുകള്‍ അനുഭവിച്ചു നിയമവിരുദ്ധമായ ഒരു തൊഴില്‍ ചെയ്തിട്ടും ഉപജീവനം അത്ര സുഖമല്ല എന്ന് ആ കാഴ്ചയില്‍ നിന്നും മനസ്സിലായി. എന്തോ ഒരു നിയോഗം പോലെ തന്നെ ആ ദിവസം ഇവര്‍ 4 പേരെയും ഒരു മോശപ്പെട്ട വാര്‍ത്ത കാത്തിരിപ്പുണ്ടായിരുന്നു. നാലില്‍ മൂന്നുപേര്‍ക്കും അവിടെ പ്രവേശനം ലഭിച്ചില്ല, മാത്രമല്ല ഫീസ്‌ ഇനത്തില്‍ നേരത്തെ കൈപ്പറ്റിയ ഒന്നേ കാല്‍ ലക്ഷം രൂപ തിരികെ കിട്ടില്ലെന്നും അറിഞ്ഞു. ഒടുവില്‍ എല്ലാം സഹിച്ചു അവര്‍ തിരിച്ചു ദൈവത്തിന്‍റെ സ്വന്തം നാട്ടിലെത്തി....!!!